Saturday, September 15, 2007

കുഴൂര്‍ വില്‍‌സണ്‍ - എന്നെയറിയില്ല

അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്
‍ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
‍അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്
‍കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന് ‍
എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്
‍തടാകത്തില്
‍ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍

-------------------------------------------------------------------------------
കുഴൂര്‍ വില്‍‌സണ്‍
മലയാളത്തിലെ യുവകവിയും മാധ്യമപ്രവര്‍ത്തകനുമാണ്. ആനുകാലികങ്ങളിലും ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു.
"ഉറക്കം ഒരു കന്യാസ്ത്രീ" (ഖനി ബുക്ക്സ്‌), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), "വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക്‌ എന്നിവയാണു ക്യതികള്‍. കവിതക്കുള്ള എന്‍.എം. വിയ്യോത്ത്‌ സ്മാരക പുരസ്ക്കാരം, അറേബ്യ സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മുല്ലക്കാട്ട്‌ പറമ്പില് ‍ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്തമ്പര്‍ 10 നു
തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കല്‍, എസ്‌.സി.എംസ്‌ കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്‌, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്താ അവതാരകന്‍. ദുബൈ പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്. ഷാര്‍ജ ഔര്‍ ഓണ്‍ സ്ക്കൂളിലെ ഇംഗ്ലീഷ്‌ അധ്യാപികയായ മേരി മാത്യുവാണു ഭാര്യ.
കുഴൂര്‍ വില്‍സന്‍റെ കവിതകള്‍ക്ക് ഈ സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Friday, September 14, 2007

കൊടുങ്കാറ്റിന്‍റെ കൂടെപ്പോയ വീട് - ടി.പി. അനില്‍കുമാര്‍

ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ (സെപ്റ്റംബര്‍ -17, 2007) പ്രസിദ്ധീകരിച്ച കവിത.
( വായിക്കാന്‍ പാകത്തില്‍ വലുതായി കാണാന്‍, മുകളിലുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.)


ടി.പി. അനില്‍കുമാര്‍

തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ. അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാരജജയില്‍ ജോലി ചെയ്യുന്നു.ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന. പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)

ടി.പി.അനില്‍കുമാറിന്റെ കവിതകള്‍ക്ക് ഈ സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Monday, August 20, 2007

മലയാള മനോരമ ‘വനിത‘ പൂക്കളമത്സരം (ദുബായ്-18 ആഗസ്റ്റ് 2007)

(വായിക്കാന്‍ പാകത്തില്‍ വലുതായി കാണാന്‍, മുകളിലുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.)


യുഎയിലെ മലയാളികളുടെ മനസ്സില്‍ ഓണം എത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് മലയാള മനോരമ (വനിത) മൂന്ന് എമിറേറ്റുകളില്‍ ഒരേ സമയം സംഘടിപ്പിച്ച പൂക്കളമത്സരത്തോടുള്ള പ്രവാസികളുടെ പ്രതികരണം. 18.08.2007-ന് വെള്ളിയാഴ്ച ദുബായിയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സ്കൂളില്‍ വെച്ചായിരുന്നു മത്സരം. കലാബോധവും ആവേശവും ഇണങ്ങിച്ചേര്‍ന്നപ്പോള്‍ കുറെ നല്ല വര്‍ണ്ണക്കാഴ്ചകള്‍ അതു സമ്മാനിച്ചു-അതു വിധിനിര്‍ണ്ണയത്തെ ഗൌരവമുള്ളതാക്കുകയും ചെയ്തു. എന്നെ കൂടാതെ വാട്ടര്‍മെലനിലെ ശ്യാം മനോഹര്‍, ആഡ്-വയിലെ പ്രതീഷ് ഡൊമിനിക്, അറ്റ്ലസ് സ്റ്റാര്‍ മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. മഞ്ജു രാമചന്ദ്രന്‍ (അറ്റ്ലസ് ജ്വല്ലറി)എന്നിവരായിരുന്നു മത്സരത്തില്‍ നിന്നും നാലു വിജയികളെ തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടത്.

പൂക്കളത്തിന്‍റെ തനിമ, ആശയത്തിന്‍റെ പുതുമ, ഘടകങ്ങളുടെയും വര്‍ണ്ണങ്ങളുടെയും പൊരുത്തം-വൈവിധ്യം-ചാരുത- അതിന്‍റെയെല്ലാം സന്നിവേശം, കലാനൈപുണ്യം, കാലികപ്രാധാന്യം... എന്നതൊക്കെയായിരുന്നു വിധിനിര്‍ണ്ണയത്തിന്‍റെ മാനദണ്ഡമായി സ്വീകരിച്ചത്. പലപ്പോഴും ഞങ്ങള്‍ ചില പൂക്കളങ്ങളുടെ സ്വഭാവത്തെക്കുറിച്ച് , അവ തമ്മില്‍ താരതമ്യം ചെയ്യാന്‍ കൂറെ സമയം ചര്‍ച്ച ചെയ്യേണ്ടിവന്നു.

5 പേരടുങ്ങുന്നതായിരുന്നു ഓരോ ടീമും. അതില്‍ ടീം ക്യാപ്റ്റന്‍, വിധിനിര്‍ണ്ണയസമയത്ത് കള‍ത്തിനരികില്‍ നിന്ന് ഞങ്ങള്‍ക്ക് അവരുടെ objective വിശദീകരിക്കുകയും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയ പിഴവുകളാണ് പലര്‍ക്കും നെഗറ്റിവ് മാര്‍ക്ക് വാങ്ങിക്കൊടുത്തത്. ഉദാഹരണമായി, ജനതയും,സ്വാതന്ത്രയ്ത്തിന്‍റെ 60-പിറന്നാളും, പ്രാവും എന്നിവയെല്ലാം അടിസ്ഥാനമാക്കിയ ഒരു ഡിസൈനുണ്ടായിരുന്നു. അതില്‍ ഇതിനെല്ലാം ബാക്ക്ഗ്രൌണ്ടായി ഉപയോഗിച്ചത് കറുത്തനിറമായിരുന്നു. അതുപോലെ മറ്റൊന്നില്‍ ഒരു തെയ്യത്തിന്‍റെ ഡിസൈനില്‍ നിറങ്ങളുടെ നിറവും ചുവപ്പിന്‍റെ മേല്‍ക്കോയ്മയും ഇല്ലായിരുന്നു.

മറ്റൊന്ന്, ഒരു മയൂരന്യത്തമായിരുന്നു. ആശയത്തിന്‍റെ കാര്യത്തില്‍ വളരെയേറെ മുന്നിട്ടുനില്‍ക്കുന്ന ഒന്ന്; കാരണം മയില്‍ പീലിവിടര്‍ത്തിയാടുമ്പോള്‍ അതിന്‍റെ നിറങ്ങളുടെ ഒരു പ്രദര്‍ശനമാണ് നമ്മള്‍ കാണുന്നത്. ഓണക്കാലത്തെ ചുറ്റുപാടും, പൂക്കളും എല്ലാം പ്രക്യതിയുടെ പ്രദര്‍ശനവും, പൂക്കളം നമ്മുടെതുമാകുന്നു. പക്ഷെ, ഇവിടെ ഈ കളത്തില്‍ ഒരു ആശയത്തില്‍മാത്രം ശ്രദ്ധ പതിപ്പിക്കുന്നതിനുപകരം മറ്റു കുറെ കാര്യങ്ങളും ചേര്‍ക്കാന്‍ ശ്രമിച്ചു, അതിനുപുറമെ, ക്യത്രിമമായ ഗ്ലിറ്റേഴ്സ് മയിലിന്‍റെ മാറ്റ് കൂട്ടാനായി ഉപയോഗിച്ചിരുന്നു... അതെല്ലാം അവരുടെ ജയസാധ്യത കുറയ്ക്കാന്‍ കാരണമായി.

കുറച്ചുപേര്‍ മാത്രം ഒരു ആശയത്തെ നല്ലതയ്യാറെടുപ്പോടുകൂടി വികസിപ്പിച്ചെടുത്തു. പലരും, കൂടുതല്‍ ആശയങ്ങള്‍ ഒരു കളത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിച്ചത്-ഒരു ടീം ക്യാപ്റ്റനായ പ്രായമുള്ള ഒരമ്മ ഞങ്ങളോടു പറഞ്ഞു “ഇത് വള്ളം, ഇത് തെങ്ങ്, ഇത് നിലവിളക്ക്....” ആശയത്തിന്‍റെ എണ്ണമല്ല, ഒരു പ്രധാന ആശയം തിരഞ്ഞെടുക്കുകയും മറ്റ് ആശയങ്ങള്‍ അതിനെ substantiate ചെയ്യത്തക്ക രീതിയില്‍ കലാപരമായും അതിനേക്കാളേറെ ബുദ്ധിപരമായും ഡിസൈന്‍ ചെയ്യുന്നതാണ് ഒരു മത്സരമെന്നനിലയില്‍ ഇതിലെ മിടുക്ക്-ഒരു കഥയില്‍ പ്രധാനപാത്രങ്ങളെ പര്‍വ്വതീകരിക്കാന്‍ പശ്ചാത്തലം സ്യഷ്ടിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന കൌശലം. തിരക്കുകള്‍ക്കിടയില്‍ ഒരു ടീമായി ഒരു ചെറിയ കുടുംബത്തെ കണ്ടു-അച്ഛന്‍,അമ്മ, ഒരു കൊച്ചു പെണ്‍കുട്ടി... പ്രാതിനിധ്യം കൊണ്ടവര്‍ ശ്രദ്ധിക്കപ്പെട്ടു.

വിധിനിര്‍ണ്ണയം കഴിഞ്ഞു...
വിജയാരവങ്ങളും...

എന്നാലും നാട്ടിലെ ‘പഴയ’ ഒരുമയുടെ ഓണം മായാതെ മനസ്സില്‍ സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യരും,
കുറെ പൂക്കളും, വര്‍ണ്ണങ്ങളും
ഇപ്പൊഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു...
ഇന്നത്തെകാലത്ത്,
അതുതന്നെ ഒരു വലിയ കാര്യമല്ലെ?


ഷാജി കിഴക്കാത്ര
ജനനം 1972 ആഗസ്റ്റ് 11, മലപ്പുറം ജില്ലയിലെ മഞ്ചേരി. അച്ഛന്‍-കുമാരന്‍, അമ്മ-ലക്ഷ്മി, സഹോദരന്‍-ഡോ.ഷിബു കിഴക്കാത്ര. മങ്കട-പള്ളിപ്പുറം GUPS, GHS, മഞ്ചേരി NSS College, St. Joseph College, Bangalore എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ഇപ്പൊള്‍ ദുബായ് മീഡിയ സിറ്റിയില്‍ ഒരു അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയില്‍ ജോലിചെയ്യുന്നു. എല്ലാ ദിവസവും യു.എ.യിലെ പരസ്യങ്ങള്‍ വിലയിരുത്തുന്നു(ഈ സൈറ്റിലെ വേറിട്ട ചില കാഴ്ച്ചകളില്‍ “uae പരസ്യമേഘല - ഒരവലോകനം“ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക).
താമസം ഷാര്‍ജയില്‍. ഭാര്യ-സരി, മകന്‍-നിമയ് കിഴക്കാത്ര.

പി.എം..എ. റഷീദ് - ഖലീജ് ടൈംസ് - 19 ആഗസ്റ്റ് 2007






ഇന്‍റര്‍വ്യൂവിന്‍റെ പൂ‍ര്‍ണ്ണരൂപം:
http://www.khaleejtimes.com/CityHome.asp?xfile=data/citytimes/2007/August/citytimes_August183.xml§ion=citytimes&col=

പി.എം..എ. റഷീദ്
1980 മാര്‍ച്ച് 19-ന് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനനം. ദുബായില്‍ ഒരു അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലിചെയ്യുന്നു.

മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ ഒന്ന്



ടി.പി. അനില്‍കുമാര്‍

തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ. അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാരജജയില്‍ ജോലി ചെയ്യുന്നു.ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന. പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)

ടി.പി.അനില്‍കുമാറിന്റെ കവിതകള്‍ക്ക് ഈ സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Sunday, August 12, 2007

അമ്മ... (സമി, അബുദാബി)

പുറത്തേക്കിറങ്ങാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല
എനിക്ക്‌
കൈക്കാലുകളുണ്ടായിരുന്നില്ല
വെറുമൊരു മാംസക്കഷ്ണമായിരുന്നു ഞാന്‍
അന്നും
അമ്മയ്ക്കെന്നെ വെറുപ്പായിരുന്നു
ഞാനാണല്ലോ അമ്മയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചത്‌
ഞാന്‍ വലുതാകുന്നപോലെ
ആ വെറുപ്പിന്‍റെ വ്യാപ്തിയും വലുതായി
അമ്മ
എപ്പോഴുമെന്നെ ശപിച്ചുകൊണ്ടിരുന്നു
ഞാനൊന്നുമറിയുന്നില്ലെന്നമ്മ കരുതിയോ എന്തോ?
പെറ്റമ്മയുടെ സ്നേഹത്തെക്കുറിച്ച്‌ വാചാലമാകുന്നവര്‍
എന്നെ കണ്ടില്ലെന്ന് നടിക്കുകയാണോ?

പുറാത്തേക്കിറാങ്ങാനുള്ള വഴിയേ നോക്കിയപ്പോള്‍
ആദ്യം കണ്ടത്‌
ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ടതിന്‍റെ അടയാളമായ
കുറേ ചോരത്തുള്ളികളാണ്‌
അമ്മ
ശപിക്കുന്നതിലര്‍ഥമുണ്ടെന്നപ്പോള്‍ തോന്നി
ആ പൊക്കിളില്‍നിന്നെന്‍റെ
പൊക്കിളിലേക്കുള്ളൊരു കയറുണ്ടല്ലോ
ആത്മഹത്യ ചെയ്താലോ?
പാപമാണെന്ന് മഹര്‍ഷി
പ്രശ്‌നങ്ങളില്‍ തളരരുതെന്നൊരു തത്വജ്ഞാനി
ഇനിയുമൊരുപാടനുഭവിക്കാനുണ്ടെന്ന് മറ്റൊരു ജ്ഞാനി
വിധിയെന്ന് കരുതി സമാധാനിക്കുകയെന്ന് സന്യാസി

നിങ്ങളൊക്കെത്തന്നെയല്ലേ
ഞാനിങ്ങനെയായതിനുത്തരവദികള്‍??
കപടസദാചാരവാദികള്‍...
പകല്‍മാന്യര്‍...
എന്‍റെ ചോര തിളച്ചു
ഒറ്റക്കുതിപ്പിനു ഞാന്‍ പുറത്തേക്ക്‌ ചാടി
അപ്പോഴമ്മ വാവിട്ടു കരയുകയായിരുന്നു
എന്‍റെ കണ്ണുനീര്‍ അമ്മ കണ്ടില്ല
പുറം ലോകം കണ്ട്‌ ഞാനമ്പരന്നു
തണല്‍തരാനൊരു മരവുമില്ലെന്ന് ബോധ്യപ്പെട്ടു
നാളെ
ഉടുവസ്‌ത്രത്തിലെന്‍റെ മാനവും ഇറ്റിവിഴുമെന്നോര്‍ത്ത്‌ പകച്ചു
അപ്പോഴേക്കും
അമ്മ
അഞ്ഞൂറു രൂപയ്ക്ക് എന്നെ വിറ്റു കഴിഞ്ഞിരുന്നു...

...............................................................................


സമിയെക്കുറിച്ച്:
ജനനം:-01-01-1984; പഠനം:-നിംസ്,
ഷാര്‍ജ;അഡിസ്,അബുദാബി; ഇപ്പൊ ബീ.കോം ഫൈനല്‍ ഇയര്‍ ചെയ്യുന്നു...ദുബൈയില്‍.... ഭര്‍ത്താവ്, രണ്ട് കുട്ടികള്‍; നാട്ടില്‍ മലപ്പുറത്ത് എടപ്പാളാണു സ്ഥലം.

...............................................................................

Wednesday, August 8, 2007

Monday, August 6, 2007

സാറ്‌ മാറരുതായിരുന്നു.... (സമി, അബുദാബി)

"ഇത്താ,സാറ്‌ പറഞ്ഞു ബിനുവങ്കിളിന്‍റെ മലയാളം ശരിയല്ലെന്ന്"
അവളുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി...
പണ്ട്‌ ഈ സാറാണ്‌ ഞങ്ങളോട്‌ ബിനുവങ്കിളിന്‍റെ ഉച്ചാരണം ശ്രദ്ധിക്കണമെന്നും അതേ രീതിയില്‍ ഉച്ചരിക്കാന്‍ പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നത്‌...സാറിനിതെന്തു പറ്റി?
ബിനുവങ്കിള്‍ ഒരു റേഡിയോ അവതാരകനായിരുന്നു.ഗള്‍ഫ്‌ നാടുകളില്‍ ഏറെ പ്രശസ്തനും...ഗള്‍ഫില്‍ റേഡിയോ എന്ന മാധ്യമത്തിന്‍റെ സ്വാധീനം അപാരമാണ്‌. അവതാരകരും ശ്രോതാക്കളും തമ്മില്‍ നല്ലൊരു ആത്മബന്ധം കാത്തു സൂക്ഷിക്കുന്നതും കാണാം.
ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്ന മജീദ്‌ സാര്‍ മംഗ്ലീഷില്‍ സംസാരിച്ചാല്‍ നല്ല ചുട്ടടി തന്നിരുന്നു.
"ഉച്ചാരണരീതി മനസ്സിലാക്കാന്‍ ബിനുവിന്‍റെ പരിപാടി കേട്ടാല്‍ മതി".
സാറിന്‍റെ ഈ സ്ഥിരം പല്ലവി പലപ്പോഴും കുട്ടികളായ ഞങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്‌.
"ഈ മലയാളം ഇല്ലായിരുന്നെങ്കില്‍......"
"സാറിനെ ഇന്നു വൈകീട്ടു കാണ്വോല്ലോ.. ഞാന്‍ ചോദിക്കാം സാറങ്ങനെ പറയാന്‍ കാരണമെന്താന്ന്?"അനിയത്തിയെ ഉപദേശിക്കേണ്ടിയിരുന്നില്ലെന്ന ആത്മഗദത്തോടെ ഞാനവളോട്‌ പറഞ്ഞു.
വീണ്ടും ചിന്ത റേഡിയോയെക്കുറിച്ചായി.ആരംഭകാലത്ത്‌ വെറുമൊരു മണിക്കൂറു മാത്രമായിരുന്നു പ്രക്ഷേപണസമയം..ഇപ്പോഴത്‌ 24 മണിക്കൂറുമുണ്ട്‌. അന്ന് മലയാളത്തെ സ്നേഹിക്കുന്നവരായിരുന്നു ആ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരൊക്കെയും.....ഇന്നത്‌ കച്ചവടത്തിന്‍റെ,ലാഭംകൊയ്യലിന്‍റെ മറ്റൊരു മാര്‍ഗ്ഗം മാത്രം..ശുദ്ധമായി മലയാളം സംസാരിച്ചിരുന്നവര്‍പ്പോലും ഇപ്പോള്‍ മംഗ്ലീഷിലാണ്‌ അവതരിപ്പിക്കുന്നത്‌...ഒരു ചാനല്‍ കൂടി വരാന്‍ പോകുന്നെന്ന് പത്രപ്രവര്‍ത്തകസുഹൃത്ത്‌ പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരുന്നു..ഇപ്പോള്‍ തന്നെ നാലെണ്ണമുണ്ട്‌!!!ഇനിയൊരെണ്ണംകൂടി...ആര്‍ക്കുവേണ്ടി?...അത്രമാത്രം മലയാളികളുണ്ടോ ഇവിടെ??...
വൈകീട്ട്‌ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു,
"സാര്‍,എന്തേ ബിനുവങ്കിളിന്‍റെ മലയാലം ശരിയല്ലാന്ന് സാറ്‌ പറഞ്ഞേ?"ആ ചോദ്യത്തില്‍ ഇത്തിരി പരിഹസവുമുണ്ടായിരുന്നു എന്നു പറയാതെ വയ്യ...
ചിരിച്ചുകൊണ്ട്‌ സാറ്‌ പറഞ്ഞു,"മലയാളംകൊണ്ട്‌ ഇന്നു ജീവിച്ചുപോകാനൊക്കില്ല.ഭാഷ എന്നത്‌ ഒരു കമ്മ്യൂണിക്കേഷന്‍ മീഡിയം മാത്രം...പതിനഞ്ച്‌ വര്‍ഷമായി ഞാനിവിടെ പഠിപ്പിക്കുന്നു..ഒരൊറ്റ കുട്ടിയെങ്കിലും മലയാളത്തില്‍ ഡിഗ്രിയെടുത്തോ?[ആ വാക്കുകളില്‍ നിരാശയുണ്ടായിരുന്നോ?]പിന്നെ ബിനു...അവന്‍റെ ഇന്നത്തെ ഉച്ചാരണം കേട്ടാ തോന്നും അവന്‍ അമേരിക്കയിലാ ജനിച്ചതെന്ന്...സെമി,ജീവിതം നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു നെട്ടോട്ടമാണ്‌...അയാള്‌ മാറിയത്‌ അയാളുടെ നിലനില്‍പ്പിനുവേണ്ടിയായിരിക്കും.. ഞാനയാളെ കുറ്റം പറയില്ല..."
ഈ സാറിനിതെന്തു പറ്റി?..ഒരുപാട്‌ മാറിയിരിക്കുന്നു...ഭാഷയെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത്‌ മജീദ്‌ സാറാണ്‌.അദ്ദേഹംതന്നെ അതിലൊന്നും അര്‍ത്ഥമില്ലെന്ന് പറയുന്നു...ബിനുവങ്കിളും മാറിയിരിക്കുന്നു...യുവത്വത്തിന്‍റെ ചോരത്തിളപ്പുകൊണ്ടാണോ പണ്ട്‌ അങ്ങനേയൊക്കെ പറഞ്ഞിരുന്നത്‌?അതൊക്കെ സെന്‌ട്രല്‍ ഏസിയിലിരുന്ന് മരവിച്ചോ?അതോ പ്രായത്തിന്‍റെ പക്വതയോ?...
എങ്ങനെയായാലും ഇതൊന്നും അംഗീകരിക്കാന്‍ എനിക്ക്‌ തോന്നിയില്ല...എന്‍റെ ചോരത്തിളപ്പാണോ എന്നറിയില്ല...ആര്‌ മാറിയാലും ഞാന്‍ മാറില്ല...പ്രായത്തിന്‍റെ പക്വത എനിക്കില്ലാതിരിക്കട്ടെ...

വാല്‍കഷ്ണം:അല്‍പ്പം പേടിച്ചിട്ടാണെങ്കിലും സാറിന്‌ എന്‍റെ ബ്ലോഗ്‌ കാണിച്ചു കൊടുത്തു...ഉടനെ തന്നെ എനിക്ക്‌ തലയ്ക്കൊരു കൊട്ട്‌ തന്നു....അക്ഷരത്തെറ്റ്‌ കണ്ടുപിടിക്കാന്‍ സാറിനെപ്പോലൊരു മിടുക്കന്‍....പണ്ട്‌ 'മധ്യത്തില്‍' എന്നതിന്‌ 'മദ്യത്തില്‍' എന്നെഴുതിയതിനടിച്ചത്‌ ഓര്‍മ്മ വന്നു.
ചായയുണ്ടാക്കാന്‍ ഞാന്‍ അടുക്കളയിലേക്ക്‌ പോയി എന്നുറപ്പ്‌ വരുത്തിയതിനുശേഷം സാറ്‌ പുള്ളിക്കാരനോട്‌ പറഞ്ഞു,"അവളുടെ വെബ്പേജ്‌ കാണിച്ചുകൊടുത്ത്‌ ഞാനാണ്‌ സെമിയെ പഠിപ്പിച്ചത്‌ എന്ന് നാലാളോട്‌ പറയണം...ഇവിടത്തെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതെന്തിനാ എന്ന ചോദ്യത്തിനുത്തരമായി.........."അടുക്കളയില്‍നിന്ന് ഈ വാക്കുകള്‍ കേട്ട എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
ജീവിതത്തിലിതിനേക്കാള്‍ വലിയൊരംഗീകാരം വേറെന്തുണ്ട്‌??....
...............................................................................

സമിയെക്കുറിച്ച്:
ജനനം:-01-01-1984; പഠനം:-നിംസ്,
ഷാര്‍ജ;അഡിസ്,അബുദാബി; ഇപ്പൊ ബീ.കോം ഫൈനല്‍ ഇയര്‍ ചെയ്യുന്നു...ദുബൈയില്‍.... ഭര്‍ത്താവ്, രണ്ട് കുട്ടികള്‍; നാട്ടില്‍ മലപ്പുറത്ത് എടപ്പാളാണു സ്ഥലം.

Thursday, July 19, 2007

അശ്വതി പീതാംബരന്‍, അബുദാബി

ഹന ജമാല്‍, D/o ജമാല്‍ കെ.എം, 050-4690786, ദുബൈ.