Monday, August 20, 2007

മലയാള മനോരമ ‘വനിത‘ പൂക്കളമത്സരം (ദുബായ്-18 ആഗസ്റ്റ് 2007)

(വായിക്കാന്‍ പാകത്തില്‍ വലുതായി കാണാന്‍, മുകളിലുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.)


യുഎയിലെ മലയാളികളുടെ മനസ്സില്‍ ഓണം എത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് മലയാള മനോരമ (വനിത) മൂന്ന് എമിറേറ്റുകളില്‍ ഒരേ സമയം സംഘടിപ്പിച്ച പൂക്കളമത്സരത്തോടുള്ള പ്രവാസികളുടെ പ്രതികരണം. 18.08.2007-ന് വെള്ളിയാഴ്ച ദുബായിയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സ്കൂളില്‍ വെച്ചായിരുന്നു മത്സരം. കലാബോധവും ആവേശവും ഇണങ്ങിച്ചേര്‍ന്നപ്പോള്‍ കുറെ നല്ല വര്‍ണ്ണക്കാഴ്ചകള്‍ അതു സമ്മാനിച്ചു-അതു വിധിനിര്‍ണ്ണയത്തെ ഗൌരവമുള്ളതാക്കുകയും ചെയ്തു. എന്നെ കൂടാതെ വാട്ടര്‍മെലനിലെ ശ്യാം മനോഹര്‍, ആഡ്-വയിലെ പ്രതീഷ് ഡൊമിനിക്, അറ്റ്ലസ് സ്റ്റാര്‍ മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. മഞ്ജു രാമചന്ദ്രന്‍ (അറ്റ്ലസ് ജ്വല്ലറി)എന്നിവരായിരുന്നു മത്സരത്തില്‍ നിന്നും നാലു വിജയികളെ തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടത്.

പൂക്കളത്തിന്‍റെ തനിമ, ആശയത്തിന്‍റെ പുതുമ, ഘടകങ്ങളുടെയും വര്‍ണ്ണങ്ങളുടെയും പൊരുത്തം-വൈവിധ്യം-ചാരുത- അതിന്‍റെയെല്ലാം സന്നിവേശം, കലാനൈപുണ്യം, കാലികപ്രാധാന്യം... എന്നതൊക്കെയായിരുന്നു വിധിനിര്‍ണ്ണയത്തിന്‍റെ മാനദണ്ഡമായി സ്വീകരിച്ചത്. പലപ്പോഴും ഞങ്ങള്‍ ചില പൂക്കളങ്ങളുടെ സ്വഭാവത്തെക്കുറിച്ച് , അവ തമ്മില്‍ താരതമ്യം ചെയ്യാന്‍ കൂറെ സമയം ചര്‍ച്ച ചെയ്യേണ്ടിവന്നു.

5 പേരടുങ്ങുന്നതായിരുന്നു ഓരോ ടീമും. അതില്‍ ടീം ക്യാപ്റ്റന്‍, വിധിനിര്‍ണ്ണയസമയത്ത് കള‍ത്തിനരികില്‍ നിന്ന് ഞങ്ങള്‍ക്ക് അവരുടെ objective വിശദീകരിക്കുകയും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയ പിഴവുകളാണ് പലര്‍ക്കും നെഗറ്റിവ് മാര്‍ക്ക് വാങ്ങിക്കൊടുത്തത്. ഉദാഹരണമായി, ജനതയും,സ്വാതന്ത്രയ്ത്തിന്‍റെ 60-പിറന്നാളും, പ്രാവും എന്നിവയെല്ലാം അടിസ്ഥാനമാക്കിയ ഒരു ഡിസൈനുണ്ടായിരുന്നു. അതില്‍ ഇതിനെല്ലാം ബാക്ക്ഗ്രൌണ്ടായി ഉപയോഗിച്ചത് കറുത്തനിറമായിരുന്നു. അതുപോലെ മറ്റൊന്നില്‍ ഒരു തെയ്യത്തിന്‍റെ ഡിസൈനില്‍ നിറങ്ങളുടെ നിറവും ചുവപ്പിന്‍റെ മേല്‍ക്കോയ്മയും ഇല്ലായിരുന്നു.

മറ്റൊന്ന്, ഒരു മയൂരന്യത്തമായിരുന്നു. ആശയത്തിന്‍റെ കാര്യത്തില്‍ വളരെയേറെ മുന്നിട്ടുനില്‍ക്കുന്ന ഒന്ന്; കാരണം മയില്‍ പീലിവിടര്‍ത്തിയാടുമ്പോള്‍ അതിന്‍റെ നിറങ്ങളുടെ ഒരു പ്രദര്‍ശനമാണ് നമ്മള്‍ കാണുന്നത്. ഓണക്കാലത്തെ ചുറ്റുപാടും, പൂക്കളും എല്ലാം പ്രക്യതിയുടെ പ്രദര്‍ശനവും, പൂക്കളം നമ്മുടെതുമാകുന്നു. പക്ഷെ, ഇവിടെ ഈ കളത്തില്‍ ഒരു ആശയത്തില്‍മാത്രം ശ്രദ്ധ പതിപ്പിക്കുന്നതിനുപകരം മറ്റു കുറെ കാര്യങ്ങളും ചേര്‍ക്കാന്‍ ശ്രമിച്ചു, അതിനുപുറമെ, ക്യത്രിമമായ ഗ്ലിറ്റേഴ്സ് മയിലിന്‍റെ മാറ്റ് കൂട്ടാനായി ഉപയോഗിച്ചിരുന്നു... അതെല്ലാം അവരുടെ ജയസാധ്യത കുറയ്ക്കാന്‍ കാരണമായി.

കുറച്ചുപേര്‍ മാത്രം ഒരു ആശയത്തെ നല്ലതയ്യാറെടുപ്പോടുകൂടി വികസിപ്പിച്ചെടുത്തു. പലരും, കൂടുതല്‍ ആശയങ്ങള്‍ ഒരു കളത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിച്ചത്-ഒരു ടീം ക്യാപ്റ്റനായ പ്രായമുള്ള ഒരമ്മ ഞങ്ങളോടു പറഞ്ഞു “ഇത് വള്ളം, ഇത് തെങ്ങ്, ഇത് നിലവിളക്ക്....” ആശയത്തിന്‍റെ എണ്ണമല്ല, ഒരു പ്രധാന ആശയം തിരഞ്ഞെടുക്കുകയും മറ്റ് ആശയങ്ങള്‍ അതിനെ substantiate ചെയ്യത്തക്ക രീതിയില്‍ കലാപരമായും അതിനേക്കാളേറെ ബുദ്ധിപരമായും ഡിസൈന്‍ ചെയ്യുന്നതാണ് ഒരു മത്സരമെന്നനിലയില്‍ ഇതിലെ മിടുക്ക്-ഒരു കഥയില്‍ പ്രധാനപാത്രങ്ങളെ പര്‍വ്വതീകരിക്കാന്‍ പശ്ചാത്തലം സ്യഷ്ടിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന കൌശലം. തിരക്കുകള്‍ക്കിടയില്‍ ഒരു ടീമായി ഒരു ചെറിയ കുടുംബത്തെ കണ്ടു-അച്ഛന്‍,അമ്മ, ഒരു കൊച്ചു പെണ്‍കുട്ടി... പ്രാതിനിധ്യം കൊണ്ടവര്‍ ശ്രദ്ധിക്കപ്പെട്ടു.

വിധിനിര്‍ണ്ണയം കഴിഞ്ഞു...
വിജയാരവങ്ങളും...

എന്നാലും നാട്ടിലെ ‘പഴയ’ ഒരുമയുടെ ഓണം മായാതെ മനസ്സില്‍ സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യരും,
കുറെ പൂക്കളും, വര്‍ണ്ണങ്ങളും
ഇപ്പൊഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു...
ഇന്നത്തെകാലത്ത്,
അതുതന്നെ ഒരു വലിയ കാര്യമല്ലെ?


ഷാജി കിഴക്കാത്ര
ജനനം 1972 ആഗസ്റ്റ് 11, മലപ്പുറം ജില്ലയിലെ മഞ്ചേരി. അച്ഛന്‍-കുമാരന്‍, അമ്മ-ലക്ഷ്മി, സഹോദരന്‍-ഡോ.ഷിബു കിഴക്കാത്ര. മങ്കട-പള്ളിപ്പുറം GUPS, GHS, മഞ്ചേരി NSS College, St. Joseph College, Bangalore എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ഇപ്പൊള്‍ ദുബായ് മീഡിയ സിറ്റിയില്‍ ഒരു അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയില്‍ ജോലിചെയ്യുന്നു. എല്ലാ ദിവസവും യു.എ.യിലെ പരസ്യങ്ങള്‍ വിലയിരുത്തുന്നു(ഈ സൈറ്റിലെ വേറിട്ട ചില കാഴ്ച്ചകളില്‍ “uae പരസ്യമേഘല - ഒരവലോകനം“ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക).
താമസം ഷാര്‍ജയില്‍. ഭാര്യ-സരി, മകന്‍-നിമയ് കിഴക്കാത്ര.

No comments: