Monday, August 6, 2007

സാറ്‌ മാറരുതായിരുന്നു.... (സമി, അബുദാബി)

"ഇത്താ,സാറ്‌ പറഞ്ഞു ബിനുവങ്കിളിന്‍റെ മലയാളം ശരിയല്ലെന്ന്"
അവളുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി...
പണ്ട്‌ ഈ സാറാണ്‌ ഞങ്ങളോട്‌ ബിനുവങ്കിളിന്‍റെ ഉച്ചാരണം ശ്രദ്ധിക്കണമെന്നും അതേ രീതിയില്‍ ഉച്ചരിക്കാന്‍ പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നത്‌...സാറിനിതെന്തു പറ്റി?
ബിനുവങ്കിള്‍ ഒരു റേഡിയോ അവതാരകനായിരുന്നു.ഗള്‍ഫ്‌ നാടുകളില്‍ ഏറെ പ്രശസ്തനും...ഗള്‍ഫില്‍ റേഡിയോ എന്ന മാധ്യമത്തിന്‍റെ സ്വാധീനം അപാരമാണ്‌. അവതാരകരും ശ്രോതാക്കളും തമ്മില്‍ നല്ലൊരു ആത്മബന്ധം കാത്തു സൂക്ഷിക്കുന്നതും കാണാം.
ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്ന മജീദ്‌ സാര്‍ മംഗ്ലീഷില്‍ സംസാരിച്ചാല്‍ നല്ല ചുട്ടടി തന്നിരുന്നു.
"ഉച്ചാരണരീതി മനസ്സിലാക്കാന്‍ ബിനുവിന്‍റെ പരിപാടി കേട്ടാല്‍ മതി".
സാറിന്‍റെ ഈ സ്ഥിരം പല്ലവി പലപ്പോഴും കുട്ടികളായ ഞങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്‌.
"ഈ മലയാളം ഇല്ലായിരുന്നെങ്കില്‍......"
"സാറിനെ ഇന്നു വൈകീട്ടു കാണ്വോല്ലോ.. ഞാന്‍ ചോദിക്കാം സാറങ്ങനെ പറയാന്‍ കാരണമെന്താന്ന്?"അനിയത്തിയെ ഉപദേശിക്കേണ്ടിയിരുന്നില്ലെന്ന ആത്മഗദത്തോടെ ഞാനവളോട്‌ പറഞ്ഞു.
വീണ്ടും ചിന്ത റേഡിയോയെക്കുറിച്ചായി.ആരംഭകാലത്ത്‌ വെറുമൊരു മണിക്കൂറു മാത്രമായിരുന്നു പ്രക്ഷേപണസമയം..ഇപ്പോഴത്‌ 24 മണിക്കൂറുമുണ്ട്‌. അന്ന് മലയാളത്തെ സ്നേഹിക്കുന്നവരായിരുന്നു ആ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരൊക്കെയും.....ഇന്നത്‌ കച്ചവടത്തിന്‍റെ,ലാഭംകൊയ്യലിന്‍റെ മറ്റൊരു മാര്‍ഗ്ഗം മാത്രം..ശുദ്ധമായി മലയാളം സംസാരിച്ചിരുന്നവര്‍പ്പോലും ഇപ്പോള്‍ മംഗ്ലീഷിലാണ്‌ അവതരിപ്പിക്കുന്നത്‌...ഒരു ചാനല്‍ കൂടി വരാന്‍ പോകുന്നെന്ന് പത്രപ്രവര്‍ത്തകസുഹൃത്ത്‌ പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരുന്നു..ഇപ്പോള്‍ തന്നെ നാലെണ്ണമുണ്ട്‌!!!ഇനിയൊരെണ്ണംകൂടി...ആര്‍ക്കുവേണ്ടി?...അത്രമാത്രം മലയാളികളുണ്ടോ ഇവിടെ??...
വൈകീട്ട്‌ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു,
"സാര്‍,എന്തേ ബിനുവങ്കിളിന്‍റെ മലയാലം ശരിയല്ലാന്ന് സാറ്‌ പറഞ്ഞേ?"ആ ചോദ്യത്തില്‍ ഇത്തിരി പരിഹസവുമുണ്ടായിരുന്നു എന്നു പറയാതെ വയ്യ...
ചിരിച്ചുകൊണ്ട്‌ സാറ്‌ പറഞ്ഞു,"മലയാളംകൊണ്ട്‌ ഇന്നു ജീവിച്ചുപോകാനൊക്കില്ല.ഭാഷ എന്നത്‌ ഒരു കമ്മ്യൂണിക്കേഷന്‍ മീഡിയം മാത്രം...പതിനഞ്ച്‌ വര്‍ഷമായി ഞാനിവിടെ പഠിപ്പിക്കുന്നു..ഒരൊറ്റ കുട്ടിയെങ്കിലും മലയാളത്തില്‍ ഡിഗ്രിയെടുത്തോ?[ആ വാക്കുകളില്‍ നിരാശയുണ്ടായിരുന്നോ?]പിന്നെ ബിനു...അവന്‍റെ ഇന്നത്തെ ഉച്ചാരണം കേട്ടാ തോന്നും അവന്‍ അമേരിക്കയിലാ ജനിച്ചതെന്ന്...സെമി,ജീവിതം നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു നെട്ടോട്ടമാണ്‌...അയാള്‌ മാറിയത്‌ അയാളുടെ നിലനില്‍പ്പിനുവേണ്ടിയായിരിക്കും.. ഞാനയാളെ കുറ്റം പറയില്ല..."
ഈ സാറിനിതെന്തു പറ്റി?..ഒരുപാട്‌ മാറിയിരിക്കുന്നു...ഭാഷയെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത്‌ മജീദ്‌ സാറാണ്‌.അദ്ദേഹംതന്നെ അതിലൊന്നും അര്‍ത്ഥമില്ലെന്ന് പറയുന്നു...ബിനുവങ്കിളും മാറിയിരിക്കുന്നു...യുവത്വത്തിന്‍റെ ചോരത്തിളപ്പുകൊണ്ടാണോ പണ്ട്‌ അങ്ങനേയൊക്കെ പറഞ്ഞിരുന്നത്‌?അതൊക്കെ സെന്‌ട്രല്‍ ഏസിയിലിരുന്ന് മരവിച്ചോ?അതോ പ്രായത്തിന്‍റെ പക്വതയോ?...
എങ്ങനെയായാലും ഇതൊന്നും അംഗീകരിക്കാന്‍ എനിക്ക്‌ തോന്നിയില്ല...എന്‍റെ ചോരത്തിളപ്പാണോ എന്നറിയില്ല...ആര്‌ മാറിയാലും ഞാന്‍ മാറില്ല...പ്രായത്തിന്‍റെ പക്വത എനിക്കില്ലാതിരിക്കട്ടെ...

വാല്‍കഷ്ണം:അല്‍പ്പം പേടിച്ചിട്ടാണെങ്കിലും സാറിന്‌ എന്‍റെ ബ്ലോഗ്‌ കാണിച്ചു കൊടുത്തു...ഉടനെ തന്നെ എനിക്ക്‌ തലയ്ക്കൊരു കൊട്ട്‌ തന്നു....അക്ഷരത്തെറ്റ്‌ കണ്ടുപിടിക്കാന്‍ സാറിനെപ്പോലൊരു മിടുക്കന്‍....പണ്ട്‌ 'മധ്യത്തില്‍' എന്നതിന്‌ 'മദ്യത്തില്‍' എന്നെഴുതിയതിനടിച്ചത്‌ ഓര്‍മ്മ വന്നു.
ചായയുണ്ടാക്കാന്‍ ഞാന്‍ അടുക്കളയിലേക്ക്‌ പോയി എന്നുറപ്പ്‌ വരുത്തിയതിനുശേഷം സാറ്‌ പുള്ളിക്കാരനോട്‌ പറഞ്ഞു,"അവളുടെ വെബ്പേജ്‌ കാണിച്ചുകൊടുത്ത്‌ ഞാനാണ്‌ സെമിയെ പഠിപ്പിച്ചത്‌ എന്ന് നാലാളോട്‌ പറയണം...ഇവിടത്തെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതെന്തിനാ എന്ന ചോദ്യത്തിനുത്തരമായി.........."അടുക്കളയില്‍നിന്ന് ഈ വാക്കുകള്‍ കേട്ട എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
ജീവിതത്തിലിതിനേക്കാള്‍ വലിയൊരംഗീകാരം വേറെന്തുണ്ട്‌??....
...............................................................................

സമിയെക്കുറിച്ച്:
ജനനം:-01-01-1984; പഠനം:-നിംസ്,
ഷാര്‍ജ;അഡിസ്,അബുദാബി; ഇപ്പൊ ബീ.കോം ഫൈനല്‍ ഇയര്‍ ചെയ്യുന്നു...ദുബൈയില്‍.... ഭര്‍ത്താവ്, രണ്ട് കുട്ടികള്‍; നാട്ടില്‍ മലപ്പുറത്ത് എടപ്പാളാണു സ്ഥലം.

3 comments:

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

പ്രിയ സുഹൃത്തേ..

വായിക്കുവാന്‍ കണ്ണുകള്‍ക്കായാസം തോന്നുന്നു. ദയവു ചെയ്ത്‌ ബാക്ഗ്രൗണ്ട്‌ കളര്‍ മറ്റുക.

ഇമ said...

പ്രിയ സുഹ്യത്തി(കുഞ്ഞന്‍)ന്
ഒരു തിരിനാളത്തിലെ വായന... കണ്ണുകളിലെ ആയാസം... എന്നിവ വായനക്കു പിന്നിലെ മനസ്സിനു ശക്തിയേകുമെന്ന് ഒരു വിശ്വാസം... അതുകൊണ്ടാണ് ആ നിറം ഉപയോഗിച്ചത്. ബ്ലോഗില്‍ സൂചിപ്പിച്ചപോലെ ഇമയുടെ ഉദ്ദേശലക്ഷ്യവും അതുതന്നെ.

ബ്ലോഗിലെ താങ്കളുടെ സാന്നിധ്യത്തിനും ആ മനസ്സിനും ഇമ നന്ദി പറയുന്നു...ഇനിയും വരണം...

ഷാജി കിഴക്കാത്ര.