Sunday, August 12, 2007

അമ്മ... (സമി, അബുദാബി)

പുറത്തേക്കിറങ്ങാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല
എനിക്ക്‌
കൈക്കാലുകളുണ്ടായിരുന്നില്ല
വെറുമൊരു മാംസക്കഷ്ണമായിരുന്നു ഞാന്‍
അന്നും
അമ്മയ്ക്കെന്നെ വെറുപ്പായിരുന്നു
ഞാനാണല്ലോ അമ്മയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചത്‌
ഞാന്‍ വലുതാകുന്നപോലെ
ആ വെറുപ്പിന്‍റെ വ്യാപ്തിയും വലുതായി
അമ്മ
എപ്പോഴുമെന്നെ ശപിച്ചുകൊണ്ടിരുന്നു
ഞാനൊന്നുമറിയുന്നില്ലെന്നമ്മ കരുതിയോ എന്തോ?
പെറ്റമ്മയുടെ സ്നേഹത്തെക്കുറിച്ച്‌ വാചാലമാകുന്നവര്‍
എന്നെ കണ്ടില്ലെന്ന് നടിക്കുകയാണോ?

പുറാത്തേക്കിറാങ്ങാനുള്ള വഴിയേ നോക്കിയപ്പോള്‍
ആദ്യം കണ്ടത്‌
ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ടതിന്‍റെ അടയാളമായ
കുറേ ചോരത്തുള്ളികളാണ്‌
അമ്മ
ശപിക്കുന്നതിലര്‍ഥമുണ്ടെന്നപ്പോള്‍ തോന്നി
ആ പൊക്കിളില്‍നിന്നെന്‍റെ
പൊക്കിളിലേക്കുള്ളൊരു കയറുണ്ടല്ലോ
ആത്മഹത്യ ചെയ്താലോ?
പാപമാണെന്ന് മഹര്‍ഷി
പ്രശ്‌നങ്ങളില്‍ തളരരുതെന്നൊരു തത്വജ്ഞാനി
ഇനിയുമൊരുപാടനുഭവിക്കാനുണ്ടെന്ന് മറ്റൊരു ജ്ഞാനി
വിധിയെന്ന് കരുതി സമാധാനിക്കുകയെന്ന് സന്യാസി

നിങ്ങളൊക്കെത്തന്നെയല്ലേ
ഞാനിങ്ങനെയായതിനുത്തരവദികള്‍??
കപടസദാചാരവാദികള്‍...
പകല്‍മാന്യര്‍...
എന്‍റെ ചോര തിളച്ചു
ഒറ്റക്കുതിപ്പിനു ഞാന്‍ പുറത്തേക്ക്‌ ചാടി
അപ്പോഴമ്മ വാവിട്ടു കരയുകയായിരുന്നു
എന്‍റെ കണ്ണുനീര്‍ അമ്മ കണ്ടില്ല
പുറം ലോകം കണ്ട്‌ ഞാനമ്പരന്നു
തണല്‍തരാനൊരു മരവുമില്ലെന്ന് ബോധ്യപ്പെട്ടു
നാളെ
ഉടുവസ്‌ത്രത്തിലെന്‍റെ മാനവും ഇറ്റിവിഴുമെന്നോര്‍ത്ത്‌ പകച്ചു
അപ്പോഴേക്കും
അമ്മ
അഞ്ഞൂറു രൂപയ്ക്ക് എന്നെ വിറ്റു കഴിഞ്ഞിരുന്നു...

...............................................................................


സമിയെക്കുറിച്ച്:
ജനനം:-01-01-1984; പഠനം:-നിംസ്,
ഷാര്‍ജ;അഡിസ്,അബുദാബി; ഇപ്പൊ ബീ.കോം ഫൈനല്‍ ഇയര്‍ ചെയ്യുന്നു...ദുബൈയില്‍.... ഭര്‍ത്താവ്, രണ്ട് കുട്ടികള്‍; നാട്ടില്‍ മലപ്പുറത്ത് എടപ്പാളാണു സ്ഥലം.

...............................................................................

2 comments:

SHAN ALPY said...

ലളിതമനോഹരആവിഷ്കാരം
ഭാവുകങങള്‍

ഏറനാടന്‍ said...

വെരി ഗുഡ്‌ അവതരണം.. :)